സോളാർ തട്ടിപ്പ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേസിലെ പ്രതിയായ സരിത എസ് നായര്‍ക്ക് മുപ്പത് ലക്ഷം രൂപ നല്‍കിയിരുന്നതായി പിസി ജോർജ് എംഎൽഎ. സരിത എഴുതിയ കത്തില്‍ ഈ കാര്യം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആര്യാടൻ മുഹമ്മദിന് വീട്ടിൽ കൊണ്ടുപോയി പത്തു ലക്ഷം രൂപ നൽകിയെന്നും ജോർജ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പണം നൽകിയെന്ന് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ പറഞ്ഞത് ശരിയാണെന്നും ജോർജ് വ്യക്തമാക്കി.
സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രി സാമ്പത്തിക സഹായം നല്‍കിയത്. നിഷ്പക്ഷമായി കേസ് അന്വേഷിച്ചാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒന്നാംപ്രതിയാകും. കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പെടാപ്പാട് പെടുന്നതെന്നും ജോർജ് പറഞ്ഞു. സോളാർ വിവാദത്തിൽ പെട്ട മന്ത്രിമാർക്കെതിരെ കേസെടുക്കരുതെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദ്ദേശിച്ചിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
അന്വേഷണം കൃത്യമായി നടത്തിയിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമായിരുന്നു. സര്‍ക്കാരില്‍ നേതൃമാറ്റം വരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.