കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുഡിഎഫിന്റെ മധ്യമേഖലാജാഥ മാറ്റിവെച്ചതിനെ പരിഹസിച്ച് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. ഒരു ജാഥ പോലും നടത്താന്‍ കഴിയാത്ത സര്‍ക്കാരിനെ പിരിച്ചു വിടണം. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മൊഴി നല്‍കാന്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സര്‍ക്കാരിനെതിരെ ജോര്‍ജ് രംഗത്ത് വന്നത്.
തിരുവനന്തപുരത്തു ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണു ജാഥ മാറ്റിവയ്ക്കാന്‍ തീരുമാനമായത്. കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആവശ്യം പരിഗണിച്ചാണു യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ ജാഥ എന്നു നടത്തും എന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. വിദേശത്തുള്ള കെ.എം. മാണിയുമായി ആലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ മറ്റു രണ്ടു മേഖലാജാഥകളും നിശ്ചയിച്ച സമയത്തു നടത്തും.