ആശുപത്രി അന്തേവാസിയുടെ മര്‍ദ്ദനമേറ്റ് രോഗി മരിച്ചു

വ്യാഴം, 26 ജൂണ്‍ 2014 (11:26 IST)
ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ രോഗി മരിച്ചു. ഒരാളുടെ നില ഗുരുതരമായിതുടരുകയാണ്.ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ ചികിത്സയിലിരുന്ന് രോഗികള്‍ തമ്മിലാണ് വാക്പോരും സംഘര്‍ഷവും ഉണ്ടായത്.

നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണനാണ് (50) മരിച്ചത്. ഇയാള്‍ക്കൊപ്പം മര്‍ദ്ദനമേറ്റ ചെങ്കല്‍ചൂള സ്വദേശി സുദര്‍ശനനാണ് (55) ഗുരുതരാവസ്ഥയിലുള്ളത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. കടയ്ക്കല്‍ എസ്ഐ വഴിയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന മണിലാല്‍ എന്ന രോഗിയാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു.

മദ്യാസക്തിയില്‍ നിന്ന് മോചിതനാകാനുള്ള ചികിത്സയിലായിരുന്നു ഇയാള്‍. ഇയാളുടെ ചികിത്സ കഴിഞ്ഞിട്ടും ആശുപത്രി വിടാതിരുന്നതായും പറയപ്പെടുന്നു. കൊല്ലപ്പെട്ട കൃഷ്ണന്‍ നെയ്യാറ്റിന്‍കര സ്വദേശിയാണ്. ഇയാള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ആശിപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

മണിലാലിന്റെ അമ്മയെ കൃഷ്ണന്‍ മോശമായി ചിത്രീകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറപ്പെടുന്നു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൃഷ്ണനെ മണിലാല്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ട് ഇരുവരേയും പിടിച്ചുമാറ്റാനായി എത്തിയതായിരുന്നും സുദര്‍ശ്ശന്‍. അതിനിടയില്‍ ഇയാള്‍ക്കും മര്‍ദ്ദനമേറ്റു.

ഇരുവര്‍ക്കും മാരകമായ മര്‍ദ്ദനമേറ്റതിനാല്‍ ഉടന്‍ തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെയാണ് കൃഷ്ണന്‍ മരിച്ചത്. അമിതമായ മദ്യാസ്ക്തിയുണ്ടായിരുന്നതിനാല്‍ മാനസിക വൈകല്യങ്ങള്‍ മണിലാലില്‍ പ്രകടമാണെന്ന് സംശയിക്കുന്നതിനാല്‍ ഇയാളെ പരിശോധനകള്‍ക്ക് വിധേയമാക്കും. കൃഷ്ണന്റെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക