പാമോലിന്‍ ഇടപാട് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2016 (15:49 IST)
പാമോലിന്‍ ഇടപാട് സംബന്ധിച്ച് അന്നത്തെ ധനമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി തൃശൂര്‍ വിജിലന്‍സ് കോടതി. പാമോലിന്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
 
മുൻ ചീഫ് സെക്രട്ടറി എസ് പത്മകുമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവർ ആയിരുന്നു പാമോലിൻ കേസിൽ വിടുതൽ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതി പരാമർശം.
 
പാമോലിൻ ഇടപാട് സംബന്ധിച്ച ഫയൽ നേരത്തേ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഈ നിലപാടിന് തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ പരാമര്‍ശം.
 
എസ് പത്മകുമാറും സക്കറിയ മാത്യുവും മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായിട്ടില്ല എന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നും നാലും പ്രതികളായ ഇവരെ കോടതി കുറ്റവിമുക്തരാക്കി.
 
മലേഷ്യയിൽ നിന്ന് ചട്ടങ്ങൾ മറികടന്ന് പാമോലിൻ ഇറക്കുമതി ചെയ്തതിലൂടെ സർക്കാരിന് രണ്ട് കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചു എന്നായിരുന്നു കേസ്. 1991-92 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം.