നര്‍മത്തില്‍ പൊതിഞ്ഞ ഒരു കൊച്ചു വിവാദം; മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് തെറ്റുതന്നെ, കുഞ്ഞാലിക്കുട്ടി പറഞ്ഞതാണ് ശരി

Webdunia
വെള്ളി, 3 ജൂണ്‍ 2016 (11:08 IST)
ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്‌പീക്കര്‍ ആരെന്ന കാര്യത്തില്‍ സഭയ്‌ക്കുള്ളില്‍ ചെറിയ ഒരു സംശയമുണര്‍ന്നിരിക്കുന്നു. പതിനാലാം നിയമസഭയുടെ സ്‌പീക്കറായി പി ശ്രീരാമകൃഷ്‌ണന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നടത്തിയ പ്രസംഗമാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തിരുത്തിയത്.

പി ശ്രീരാമകൃഷ്‌ണനാണ് സഭ കണ്ട പ്രായം കുറഞ്ഞ സ്‌പീക്കര്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രസംഗിച്ച  പികെ കുഞ്ഞാലിക്കുട്ടി സിഎച്ച് മുഹമ്മദ് കോയയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറെന്നാണ് കരുതുന്നതെന്ന്  നര്‍മത്തോടെ പറഞ്ഞതാണ് സഭയില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്.

35 വയസായിരുന്നു സ്പീക്കറാകുമ്പോള്‍ സിഎച്ചിന്. വിഎം സുധീരന്‍ സ്‌പീക്കറാകുമ്പോള്‍ ചെറുപ്പമായിരുന്നു. എന്നാല്‍ ഈ വിഷയം ഒരു തര്‍ക്കമുണ്ടാക്കുന്നതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല്‍പ്പത്തിയെട്ടാം വയസിലും ശ്രീരാമകൃഷ്‌ണന്‍ ചെറുപ്പമാണെന്നും സൌമ്യനും ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളാ നിയമസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ മുസ്ലിം ലീഗ് നേതാവായ സിഎച്ച് മുഹമ്മദ് കോയയാണ്. 1961ല്‍ സ്പീക്കറായിരുന്ന കെഎം സീതി സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് സിഎച്ച് പദവി ഏറ്റെടുക്കുമ്പോള്‍ 34 വയസായിരുന്നു പ്രായം. കെപിസിസി പ്രസിഡന്റായ വിഎം സുധീരന്‍ മുപ്പത്തിയേഴാം വയസിലും സ്പീക്കറായിട്ടുണ്ട്.
Next Article