ജീപ്പിൽ നിന്നും താഴെ വീണു, റോഡിൽ നിന്നും ചെക്പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷപെടുത്തി വനപാലകർ

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (12:01 IST)
മൂന്നാറിൽ യാത്രക്കിടെ ജീപ്പിൽ നിന്നും തെറിച്ച് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. ജീപ്പില്‍ യാത്രചെയ്യുകയായിരുന്നു കുടുംബം.
 
രാജമല ചെക്‌പോസ്റ്റിന് സമീപമാണ് സംഭവം. ഇവിടുത്തെ വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീണുപോയതെന്നാണ് കരുതുന്നത്. പഴനിയില്‍ പോയി മടങ്ങി വരുന്ന കുടുംബമായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. 
 
കുഞ്ഞ് ഊര്‍ന്ന് താഴെ റോഡില്‍ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ലെന്നാണ് വിവരം. ഞായറാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. 
 
റോഡിൽ വീണ കുഞ്ഞ് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട് അവിടേക്ക് ഇറങ്ങിയെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
 
സംഭവസ്ഥലത്ത് നിന്നും ഏകദേശം 40 കിലോമീറ്റർ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മിസ്സിംഗ് ആണേന്ന കാര്യം വീട്ടുകാർ അറിയിന്നത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളൊക്കെ ഉള്ള പ്രദേശത്തുനിന്ന് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്‍റെ ആശ്വസത്തിലാണ് എല്ലാവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article