ലിസ്യു കര്‍മ്മലീത്താമഠത്തില്‍ സിസ്റ്റര്‍ അമല(69)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഠത്തിനോടു ചേര്‍ന്നുള്ള ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവിന്റെ കൂട്ടിരിപ്പുകാരനായി ഒപ്പമുണ്ടായിരുന്ന 35 കാരനാണ് പ്രതിയെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സിസ്റ്റര്‍ അമലയുടെ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട കൈത്തൂമ്പ മഠത്തിനുള്ളില്‍ സ്‌റ്റെയര്‍കെയ്‌സിന് അടിയില്‍ നിന്നു കണ്ടെടുത്തു.മഠത്തിനടുത്തുള്ള ആശുപത്രിയില്‍ മൂന്നു ദിവസം ചികിത്സയിലിരുന്ന ഒരു യുവാവിന് പ്രതി കൂട്ടിരുന്നിരുന്നു. കൊലപാതകം നടന്ന 17നു തലേന്ന് യുവാവ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയിരുന്നു.
കൊലപാതകത്തിനുശേഷം ഇയാള്‍ ഷാപ്പില്‍ കയറിയെന്നാണ് പോലീസ് സംശയിക്കുന്നത്. പാലായ്ക്ക് സമീപമുള്ള ഷാപ്പില്‍ നിന്നും കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കുടയും പോലീസ് കണ്ടെടുത്തതായാണ് വിവരം. പ്രതി മഠങ്ങള്‍ കേന്ദ്രീകരിച്ച് പ്രായമായ കന്യാസ്ത്രീകളെ ആക്രമിക്കുന്ന സ്വഭാവമുള്ള ആളാണെന്നാണ് പോലീസ് നിഗമനം.