തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: കോണ്‍ഗ്രസ് നേതൃത്വം ചതിച്ചു- പ്രമേചന്ദ്രന്‍

Webdunia
വ്യാഴം, 12 നവം‌ബര്‍ 2015 (12:18 IST)
കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ഭാഷയില്‍ സമര്‍പ്പിച്ച് എന്‍കെ പ്രമേചന്ദ്രന്‍ എംപി. ആര്‍എസ്‌പിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മതിയായ പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. ആവശ്യമായ ചര്‍ച്ചകള്‍ പോലും ഈ വിഷയത്തില്‍ നടന്നില്ല. മാധ്യമങ്ങളിലൂടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും നിശ്ചയിച്ച വിവരം അറിയാന്‍ സാധിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡില്‍ അംഗത്വം വേണമെന്ന് ആര്‍എസ്‌പി കോണ്‍ഗ്രസ് നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇടതുപാളയത്തില്‍ ഉണ്ടായിരുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നു. ഭരണമുന്നണിയില്‍ നിന്നിട്ടും ബോര്‍ഡില്‍ പങ്കാളിത്തം ലഭിക്കാതെ പോയത് ആദ്യമായിട്ടാണ്. ആര്‍എസ്‌പിയുടെ അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് യുവജന വിഭാഗമായ ആര്‍വൈഎഫ് നേതാക്കള്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പിയെ കോണ്‍ഗ്രസുകാര്‍ ചതിച്ചു. കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് പാരാജയം സംഭവിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.