ഉപദേശം ഇഷ്‌ടമായില്ല; യുവാവിനെ വെട്ടിക്കൊന്നു

ചൊവ്വ, 20 ജനുവരി 2015 (16:44 IST)
അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുന്നതും നടു റോഡില്‍ അഭ്യാസം നടത്തുന്നതും അപകടത്തിന് കാരണമാകുമെന്ന് പരസ്യമായി ഉപദേശിച്ചതിനെ തുടര്‍ന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. പൂവാർ ചൂലംകുടി തെറ്റിക്കാട് പള്ളിക്ക് സമീപം ഹസീന മൻസിലിൽ ഷമീറാണ് (26) കൊല്ലപ്പെട്ടത്.

സൗദി അറേബ്യയിൽ ഡ്രൈവറായ ഷമീര്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷമീറിന്റെ വാഹനത്തിന് മുന്നില്‍ ഒരു സംഘം യുവാക്കള്‍ ബൈക്കില്‍ അതിവേഗത്തില്‍ അഭ്യാസം നടത്തി. ഇതിനെ തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ ഷമീര്‍ യുവാക്കളെ വഴിയില്‍ വെച്ച് പരസ്യമായി ശാസിക്കുകയായിരുന്നു. അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് ബൈക്ക് ഓടിക്കുന്നതെന്നും, സ്വയം അപകടത്തിലേക്ക് എത്തിച്ചേരുന്ന രീതിയാണിതെന്നും ഇത്തരത്തില്‍ ബൈക്ക് ഓടിക്കരുതെന്നുമാണ് ഷമീര്‍ ഉപദേശിച്ചത്. പരസ്യമായി ഉപദേശിച്ചതിനെ കശപിശ ഉണ്ടായെങ്കിലും എല്ലാവരും പിരിഞ്ഞുപോയി.

നേരത്തെ പദ്ധതി തയാറാക്കിയ പ്രകാരം തിങ്കളാഴ്ച് രാത്രി ആറരയോടെ പൂവാർ സ്വദേശിയായ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ബൈക്കില്‍ വരുകയായിരുന്ന ഷമീറിനെ വെട്ടി വീഴ്ത്തുകയായിരുന്നു. തലയ്ക്ക്  പിന്നിലും മുഖത്തും കഴുത്തിലും ആഴത്തിൽ വെട്ടേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്  പുലർച്ചെ മൂന്ന്  മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്  ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക