തുളുമ്പാനൊരുങ്ങി മുല്ലപ്പെരിയാര്‍; തീരവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നു

ശനി, 15 നവം‌ബര്‍ 2014 (17:46 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ തീരവാസികളെ ജില്ലാ ഭരണകൂടം മാറ്റിപാര്‍പ്പിക്കുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പീരുമേട് താലൂക്കിലുള്ളവരെയാണ് മാറ്റിപാര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു രാത്രിയോടെ മാറിയിയിരിക്കണമെന്ന് തീരവാസികള്‍ക്ക് ജില്ലഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഴുവന്‍ ആളുകളും മാറിത്താമസിച്ചില്ലെങ്കില്‍ നാളെ അധികൃതര്‍ നേരിട്ടെത്തി ആളുകളെ ഒഴിപ്പിക്കും.

450 ലധികം കുടുംബങ്ങളാണ് പീരുമേട് താലൂക്കിലുള്ളത്. ഇവരോട് സുരക്ഷിതമായ മേഖലകളിലേക്ക് മാറണമെന്നാണ് അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം. മഴ പെയ്യുന്നില്ലെങ്കിലും അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണ് ഉള്ളത്. നീരൊഴുക്ക് ശക്തമായിട്ടും തമിഴ്നാട് ജലം കൊണ്ടുപോകുന്നത് വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് ആശങ്ക ഇളവാക്കിയിരിക്കുന്നത്.

ജലനിരപ്പ് 142 അടിയിലെത്തിയ ശേഷമേ ജലനിരപ്പ് കുറയ്ക്കൂ എന്നാണ് തമിഴ്നാട് പറയുന്നത്. ജലനിരപ്പ് 140 കടക്കുകയോ ദിവസം രണ്ടടി വീതം കൂടുകയോ ചെയ്താല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കണമെന്ന മേല്‍നോട്ട സമിതിയുടെ തീരുമാനം ലംഘിക്കുകയാണ് തമിഴ്നാട് ചെയ്യുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേറിടുന്നതിനായാണ് നടപടികളെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

പഞ്ചായത്ത് അധികൃതര്‍ വഴി ജനങ്ങളോട് കാര്യങ്ങള്‍ ബൊധിപ്പിച്ച് അവരെ മാറിത്താമസിക്കാന്‍ ജില്ലാഭരണകൂടം പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വയമേവ മാറിത്താമസിച്ചില്ലെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് കൊണ്ട് ബലമായി മാറ്റിതാമസിപ്പിക്കാന്‍ ജില്ല കലക്ടറിനൊട് മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒഴിഞ്ഞു മാറുന്നവര്‍ക്കായി താല്‍കാലിക കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ കണ്ടുവച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക