മോഡിക്ക് മാണിയുടെ അഭിനന്ദനവും ഉപദേശവും

Webdunia
വെള്ളി, 2 ജനുവരി 2015 (10:39 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ യുഡി‌എഫ് നേതാക്കള്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനിടെ യുഡി‌എഫ് മന്ത്രിസഭയിലെ പ്രമുഖനായ ധനമന്ത്രി കെ‌എം‌ മാണി മോഡിയെ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതി. രാഷ്ട്രത്തിന്റെ വികസനത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയെ കത്തില്‍ മാണി പ്രശംസിച്ചു. 
 
മോഡിയുടെ ഭരണത്തില്‍ ഇന്ത്യ സുരക്ഷിതമായി മുന്നോട്ടാണെന്നും കൂടുതല്‍ സമൃദ്ധിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാക്കെട്ടെയെന്നും ആശംസിച്ചാണ് പുതുവര്‍ഷ ദിനത്തില്‍ മാണിയുടെ കത്ത്. അതേസമയം സര്‍ക്കാരിന്റെ കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തി. ദീര്‍ഘവീഷണമില്ലാത്ത റബര്‍ ഇറക്കു മതി തീരുമാനം പുനപരിശോധിക്കണം. 2015 കര്‍ഷക സൗഹൃദ വര്‍ഷമാക്കണം തുടങ്ങിയ കാര്യങ്ങള്‍ മാണി കത്തില്‍ ആവശ്യപ്പെടുന്നു.
 
മതസൗഹൃദത്തിന് കോട്ടം തട്ടുന്ന പ്രവണതകള്‍ക്കെതിരെ എന്തു നടപടിയെടുക്കുന്നുവെന്ന് ജനം ഉറ്റുനോക്കുന്നു. മത തീവ്രവാദികള്‍ ഫണം വിടര്‍ത്തുന്ന ആത്മഹത്യാപരമാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മാണി വ്യക്തമാക്കി. നമ്മുടെ മതേതരത്വം മത തീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടു കുത്താന്‍ അനുവദിക്കരുതെന്നും മാണി ആവശ്യപ്പെട്ടു. മത തീവ്രവാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടകാലമാണിത്. താങ്കളുടെ ആദര്‍ശ പുരുഷനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തെ ഒന്നിപ്പിക്കാനാണ് പരിശ്രമിച്ചത്. എന്നാല്‍ മത തീവ്രവാദികളാകട്ടെ രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാനാണ് ശ്രമിക്കുന്നത് -മാണി ഓര്‍മ്മിപ്പിച്ചു.
 
വിവിധ മത വിശ്വാസികള്‍ പരസ്പര സ്‌നേഹത്തോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ധാനമന്ത്രിയെന്നാല്‍ ആര്‍ക്കെങ്കിലും സ്വന്തമുള്ളയാളല്ല. അദ്ദേഹം എല്ലാവരുടെയുമാണ്. മഹാമതികള്‍ എല്ലാവരെയും ഒരു പോലെ കാണുന്നവരാണ് എന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്. ബ്രാഹ്മണനും ചണ്ഡാളനും പശുവും നായ്ക്കുട്ടിയും എല്ലാം അവര്‍ക്ക് ഒരു പോലെയാണ്, ഇങ്ങനെ പോകുന്നു മാണിയുടെ മോഡിക്കുള്ള ഉപദേശങ്ങള്‍.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.