കപ്പൽ അപകടത്തിൽ പരുക്കേറ്റ ഭർത്താവിനെ കാണാൻ സംഗീതയ്ക്ക് പാസ്പോർട്ട് തയ്യാറായി. ഭർത്താവിനെ കാണാൻ സാധിക്കാതെ നിന്ന സംഗീതയ്ക്ക് സഹായമായത് ട്വീറ്ററിലെ ഒരു പോസ്റ്റാണ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരിട്ടിടപെട്ടാണ് സംഗീതയുടെ പാസ്പോർട്ട് നിമിഷങ്ങൾക്കകം ശരിയാക്കിയത്.
മെക്സിക്കോയിൽ വെച്ചുണ്ടായ കപ്പലപകടത്തെത്തുടർന്ന് സുധീഷിനെ അവിടെത്തന്നെയുള്ള ആശുപത്രിയിൽ ചികിത്സക്ക് എർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ സംഗീതയ്ക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ ഭർത്താവിന്റടുത്തെത്താൻ കഴിഞ്ഞില്ല. സംഗീതയുടെ അവസ്ഥ അറിയിച്ച് കൊണ്ട് മറൈന്‍ ഇലക്‌ട്രോ ടെക്‌നിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെബി തോമസ് മന്ത്രിക്ക് ട്വീറ്റ് ചെയ്തിരുന്നു.
ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി സംഗീതയുടെ ദും:ഖത്തിൽ പങ്കുചേരുന്നുവെന്നും എത്രയും പെട്ടന്ന് സംഗീതയുമായി ബന്ധപ്പെടുമെന്നും മന്ത്രി തിരിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസിൽ നിന്നും സംഗീതയുമായി നേരിട്ട് ബന്ധപ്പെട്ടു. സംഗീതയ്ക്ക് പാസ്പോർട്ട് നൽകുന്നതിനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന് അറിയിച്ച് കൊണ്ട് എറണാകുളത്തെ റീജിയണല്‍ ഓഫീസിലേക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തുകയായിരുന്നുവെന്ന് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു.