സഹിക്കാനാകാത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തി; യുവാവിന്റെ അന്നനാളത്തിൽ നിന്ന് പുറത്തെടുത്തത് കമ്പിക്കഷ്ണം

റെയ്‌നാ തോമസ്
ശനി, 2 നവം‌ബര്‍ 2019 (09:17 IST)
സഹിക്കാനാകാത്ത തൊണ്ട വേദനയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന്റെ അന്നനാളത്തിൽ നിന്ന് കമ്പിക്കഷ്ണം പുറത്തെടുത്തു. ഭക്ഷണം കഴിച്ച ശേഷമായിരുന്നു വേദന തുടങ്ങിയത്. മീന്‍മുള്ളോ മറ്റോ തൊണ്ടയില്‍ കുടുങ്ങിയെന്നായിരുന്നു ധാരണ. തുടർന്നാണ് ചികിത്സ തേടിയത്.
 
ഇ എന്‍ ടി വിഭാഗത്തില്‍ തൊണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ ഗതിയില്‍ മീന്‍മുള്ള്, ചിക്കന്‍, ബീഫ് മുതലായവയുടെ എല്ല് എന്നിവയെല്ലാം തൊണ്ടയിലും അന്നനാളത്തിലും കുടുങ്ങാം. എന്നാല്‍ ഇവിടെ അതിന്റെ ലക്ഷണമൊന്നും കാണാനായില്ല. കൂടുതല്‍ പരിശോധനയ്ക്കായി സി ടി സ്‌കാന്‍ ചെയ്തു. സ്‌കാനിംഗ് പരിശോധനയില്‍ ശ്വാസക്കുഴലിന് പുറകില്‍ അന്നനാളത്തോട് ചേര്‍ന്ന് ഒരു ചെറിയ മെറ്റാലിക് പീസ് എന്നായിരുന്നു റിപ്പോര്‍ട്ട്.
 
എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ കടത്തി പരിശോധന നടത്തിയെങ്കിലും അതിന്റെ ക്യാമറാക്കണ്ണിലും വില്ലനെ കണ്ടെത്താനായില്ല. ഒടുവില്‍ ശസ്ത്രക്രിയ തീരുമാനിച്ചു. ശസ്ത്രക്രിയാ സമയത്തും ഇത്ര ചെറിയ കമ്പിക്കഷണം കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.തത്സമയം എക്‌സ് റേ വഴി കാണാന്‍ സാധിക്കുന്ന സിആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ച് നടന്ന ശസ്ത്രക്രിയയില്‍ മറഞ്ഞു കിടന്ന കമ്പിക്കഷ്ണത്തെ പുറത്തെടുത്തു. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലായിരുന്നു കമ്പിക്കഷ്ണം കണ്ടെത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article