ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു. ഹൈക്കോടതി വിമര്‍ശിച്ചതിനു പിന്നാലെ തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് സമവായമൊരുങ്ങിയത്.
പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉന്നയിച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ പരിഗണന നല്‍കിയെന്നും ഈ സാഹചര്യത്തില്‍ പണിമുടക്ക് മാറ്റി വെക്കുകയാണെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
ശമ്പള പരിഷ്‌കരണവും ടിഎ കുടിശ്ശികയും ഉള്‍പ്പടെയുള്ള ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ഉന്നയിച്ചിരുന്നത്. പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കണെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഡ്യൂട്ടി സംവിധാനത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ ഗതാഗത സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ട് ഈ മാസം 21 ന് മുന്നേ നടപ്പിലാക്കാനും യോഗത്തില്‍ ധാരണയായി. എംഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, ലേബര്‍ കമ്മിഷണര്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്.