മാവോയിസ്റ്റ് ആകുന്നത് കുറ്റമല്ലെന്ന ഹൈക്കോടതി പരാമർശം; സർക്കാർ അപ്പീൽ നൽകും

Webdunia
ശനി, 23 മെയ് 2015 (08:50 IST)
മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതു കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാവില്ലെന്നും മാവോയിസ്റ്റ് ആകുന്നത് കുറ്റമല്ലെന്നും ഹൈക്കോടതി നടത്തിയ പരാമർശത്തിൽ സർക്കാർ അപ്പീൽ നൽകും. വിധി പഠിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു നിർദേശം നൽകി. മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്.
 
മാവോയിസത്തിന്റെ പേരിൽ മാത്രം ഒരാളെ കസ്റ്റഡിയിൽ എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാവോയിസത്തിന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനമോ രാജ്യദ്രോഹ പ്രവർത്തനമോ നടത്തിയാൽ മാത്രമെ ഇത്തരം കേസുകളിൽ ഒരാളെ തടവിൽ വയ്ക്കാൻ കഴിയുകയുള്ളൂവെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 
 
നിയമത്തിൽ മാവോയിസ്റ്റ് സംഘടനയ്ക്കെതിരെ പരാമർശമുണ്ടെങ്കിൽ സംഘടനയുടെ പ്രവർത്തനത്തിൽ ഇടപെടാം. മാവോയിസ്റ്റ് അക്രമമാർഗം അവലംബിച്ചാൽ നടപടിയെടുക്കാം. എന്നാൽ വ്യക്തികൾ നിയമവിരുദ്ധമായി പ്രവർത്തിച്ചതിനു തെളിവില്ലെങ്കിൽ മാവോയിസ്റ്റ് ആയതു കൊണ്ടു മാത്രം തടവിൽ വയ്ക്കാനാവില്ല. മാവോയിസ്റ്റ് വേട്ടയ്ക്കു മാർഗനിർദേശമാകാവുന്ന പരാമർശങ്ങളാണു കോടതിയുടെ സുപ്രധാന വിധിയിലുള്ളത്.