കേരളത്തിലെ മദ്യനിയന്ത്രണം അന്താരാഷ്ട്ര സംഭവമായി!

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (12:43 IST)
കേരളം, ഇന്ത്യയിലെ വളരെ ചെറിയ ഒരു സംസ്ഥാനം. അവിടുത്തേ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്ര പ്രാധാന്യത്തോടെ ആരും ശ്രദ്ധിക്കാറില്ല്. എന്നല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എടുത്ത ഒറ്റ തീരുമാനം കൊണ്ട് കേരളത്തേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ പോലും ലോകമാധ്യമങ്ങളില്‍ കൂടി അറിഞ്ഞു! കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനാണ് ഈ ആഗോള കവറേജ്.

അത്ഭുതം കൂറേണ്ട കാര്യമില്ല. കേരളം മാസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയ ബാര്‍വിഷത്തിനേക്കുറിച്ചുള്ള സര്‍ക്കാര്‍ തീരുമാനമാണ് അന്താരാഷ്ട്ര മധ്യമങ്ങള്‍ ഇന്നലെ മഹാസംഭവമാക്കി മാറ്റിയത്. ബിബിസി, റേഡിയോ ആസ്ട്രേലിയ, ലണ്ടനില്‍ നിന്നുള്ള ദി ടെലിഗ്രാഫ്, റോയിട്ടേഴ്സ്, ഫ്രഞ്ച് ഏജന്‍സിയായ എഎഫ്പി, ഇന്‍റര്‍നാഷണല്‍ ബിസിനസ് ടൈംസ്, ദി വാള്‍ സ്ട്രീറ്റ് ജേണല്‍, അമേരിക്കയിലെ എബിസി ന്യൂസ്, റഷ്യന്‍ പ്രസിദ്ധീകരണമായ റിയനിവോസ്റ്റി, മലേഷ്യന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ ബെര്‍നാമ, മലേഷ്യന്‍ ഡൈജസ്റ്റ്, ന്യൂ സ്ട്രൈറ്റ്സ് ടൈംസ്, ദ ഡ്രിങ്ക് ബിസിനസ് തുടങ്ങി പ്രശസ്തമായ അന്താരാഷ്ട്ര മാധ്യമങ്ങളും ഗള്‍ഫ് മാധ്യമങ്ങളും കേരള സര്‍ക്കാരിന്റെ മദ്യ നിയന്ത്രണ തീരുമാനം വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്.

ബിബിസി വെബ്സൈറ്റ് ഏഷ്യന്‍ വാര്‍ത്തകളുടെ ഹോം പേജില്‍ തന്നെയാണ് വാര്‍ത്ത അവതരിപ്പിച്ചത്.നടന്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട മദ്യ പരസ്യത്തിന്‍െറ പോസ്റ്ററാണ് വാര്‍ത്തക്കൊപ്പം കൊടുത്തത്. ബിബിസി ടെലിവിഷനും റേഡിയോയും കേരളത്തിലെ മദ്യ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ മുഖ്യവാര്‍ത്തകളില്‍ ഉള്‍പ്പെടുത്തി. ഇതില്‍ കമന്റുകള്‍ ഇടാന്‍ മത്സരിച്ചവരില്‍ മലയാളികള്‍ അധികമില്ലായിരുന്നു എന്നതും കൌതുകമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറീലേറെ ആളുകള്‍ ഈ വാര്‍ത്തയൊട് ബിബിസിയുടെ സൈറ്റില്‍ പ്രതികരിക്കുകയും ചെയ്തു എന്നറിയുമ്പോഴാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ അന്താരാഷ്ട്ര പ്രാധാന്യം വ്യക്തമാകുന്നത്.

മദ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഹോങ്കോങില്‍ നിന്നുള്ള അന്താരാഷ്ട്ര മാഗസിനായ ദി ഡ്രിങ്ക് ബിസിനസ് ഓണ്‍ലൈന്‍ പതിപ്പില്‍ ആദ്യ വാര്‍ത്തയായാണ് കേരള സര്‍ക്കാര്‍ തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മുകളില്‍ പറഞ്ഞ മറ്റ് വിദേശ വാര്‍ത്താ ഏജന്‍സികളും പത്രങ്ങളും തങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ഏഷ്യന്‍ വാര്‍ത്തകളില്‍ നിന്നുള്ള പ്രധാന വാര്‍ത്തയായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും മദ്യത്തില്‍ നിന്നുള്ള സംസ്ഥാനമായതിനാലും മലയാളികളുടെ കുടി ലോകപ്രശസ്തമായതിനാലും ഈ തീരുമാനം മാധ്യമങ്ങള്‍ എങ്ങനെ അവഗണിക്കും.