ഭൂരിപക്ഷമുണ്ടായിട്ടും പുതുപ്പാടിയില്‍ ഭരിക്കാന്‍ എല്‍ഡിഎഫിന് പ്രസിഡന്റില്ല

Webdunia
വ്യാഴം, 12 നവം‌ബര്‍ 2015 (12:24 IST)
ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടെങ്കിലും എല്‍ ഡി എഫിന് പുതുപ്പാടി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കിട്ടില്ല. ഇത്തവണ പുതുപ്പാടി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതിസംവരണമാണ്. എന്നാല്‍, ഈ വിഭാഗത്തില്‍പ്പെട്ട ആരെയും ജയിപ്പിക്കാന്‍ കഴിയാത്തതാണ് എല്‍ ഡി എഫിന് തിരിച്ചടിയായത്.
 
എന്നാല്‍, യു ഡി എഫില്‍ ജയിച്ച ഒമ്പതു മെമ്പര്‍മാരില്‍ മൂന്നുപേരും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ആരെയെങ്കിലും തത്‌ക്കാലം പ്രസിഡന്റ് ആക്കാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞതവണ ഇരുപത്തൊന്നംഗ ഭരണസമിതിയില്‍ യു ഡി എഫ് 19 സീറ്റ് ആയിരുന്നു നേടിയത്. ഇത്തവണ ഭരണം നേടിയ എല്‍ ഡി എഫിന് 12 സീറ്റാണ് ലഭിച്ചത്.
 
ഏതായാലും ഭരണം കൈയില്‍ നിന്ന് പോയെങ്കിലും അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനം കൈപ്പിടിയില്‍ വന്നതിന്റെ ആഹ്ലാദത്തിലാണ് യു ഡി എഫ്. അതേസമയം, അടുത്ത ആറുമാസത്തിനു ശേഷം ഏതെങ്കിലും ഒരു അംഗത്തെ രാജി വെപ്പിച്ച് പട്ടികജാതി വിഭാഗത്തില്‍ നിന്നൊരാളെ ജയിപ്പിച്ച് പ്രസിഡന്റ് ആക്കാനാണ് എല്‍ ഡി എഫ് ആലോചിക്കുന്നത്.
 
പത്തൊമ്പതാം തിയതി ആയിരിക്കും പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ യു ഡി എഫില്‍ തീരുമാനമുണ്ടാകുക.