മുല്ലപ്പെരിയാര്‍: തമിഴ്നാട് പരിശോധന ശക്തമാക്കി

Webdunia
ഞായര്‍, 11 മെയ് 2014 (11:52 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി പുറത്തുവന്നതോടെ തമിഴ്നാട്
അണക്കെട്ടില്‍ പരിശോധന ആരംഭിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതിനായി ആവശ്യമായ പ്രാഥമിക നടപടികള്‍ക്കാണ് തമിഴ്നാട് പരിശോധന നടത്തുന്നത്.

ഇന്നലെ ഇതിനായി തമിഴ്നാട് ആദ്യ നടപടി ആരംഭിച്ചിരുന്നു. തുടര്‍ന്ന് സ്പില്‍വേയിലെ 13 ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. ഇതിന് പുറമെ സ്പില്‍വെയിലും ബേബി ഡാമിലും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.

136 അടി പരമാവധി ജലനിരപ്പിനുശേഷം കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്ന 13 സ്പില്‍വേയില്‍ ഒന്നിടവിട്ടാണ് 142 അടി അടയാളപ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്ഷമതാ പരിശോധന മാത്രമാകും ഇപ്പോള്‍ നടക്കുന്നത്.