കോടികള്‍ മതിക്കുന്ന സ്പെയര്‍ പാര്‍ട്സുകള്‍ കെഎസ്ആര്‍ടിസി ആക്രിവിലയ്ക്ക് വിറ്റു

Webdunia
ചൊവ്വ, 9 ഡിസം‌ബര്‍ 2014 (09:06 IST)
കെഎസ്ആര്‍ടിസി ഉപയോഗിക്കാതെ കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ സ്പെയര്‍ പാര്‍ട്സുകള്‍ ആക്രിവിലയ്ക്ക് വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്നുകോടിയോളം രൂപയുടെ ഉപയോഗിക്കാത്ത സ്പെയര്‍പാട്സുകള്‍ പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതാണ് വിറ്റഴിക്കുന്നത്.

കമ്മീഷന്‍ കൈപ്പറ്റാനായി കെ‌എസ്‌ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ തന്നെ വാങ്ങിക്കൂട്ടിയ സ്പെയര്‍ പാര്‍ട്സുകളാണ് നടപടി ഉണ്ടാകാതിരിക്കാന്‍ ഇപ്പോള്‍ തുഛമായ വിലയ്ക്ക് വിറ്റഴിക്കുന്നത്. മ്മീഷന്‍ പറ്റിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം വിജിലന്‍സ് ഒാഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ വലയുമ്പോഴാണ് കോര്‍പ്പറേഷന്റെ ഈ ധൂര്‍ത്ത് നടക്കുന്നത്.

നട്ടുംബോള്‍ട്ടും മാത്രം ഒന്നരലക്ഷം രൂപയുടേതുണ്ട്. കെട്ടിക്കിടന്ന സിലിണ്ടര്‍ ബ്ളോക്ക്, ഗിയര്‍ബോക്സ് കേസ് എന്നിവ 27,000 രൂപയ്ക്കും സ്പീഡ് ഗവര്‍ണര്‍ സെന്‍സര്‍, വാട്ടര്‍ പമ്പ് മെയിന്‍ഷാഫ്റ്റ് എന്നിവ 17,000 രൂപയ്ക്കുമാണ് കൊടുത്തിരിക്കുന്നത്. നിലവില്‍ കെ‌എസ്‌ആര്‍ടിസി ഉപയോഗിക്കുന്ന ബസുകളിലൊന്നും ഇവ ഉപയോഗിക്കാന്‍ കഴിയില്ല. കെഎസ്ആര്‍ടിസി നിര്‍ത്തിയ ഐഷര്‍ കമ്പനിയുടെ ബസിന്റെ സ്പെയര്‍പാട്സുകള്‍ വരെ വാങ്ങിക്കുട്ടിയിരുന്നു.

അതേസമയം, ഉപയോഗിച്ചു പഴകിയ ലക്ഷക്കണക്കിന് സാധനങ്ങളും സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിനുള്ളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരത്തില്‍ അഴിമതി കാണിച്ചവര്‍ക്കെതിരെ കെഎസ്ആര്‍ടിസിയ്ക്ക് പുറത്തുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും വിജിലന്‍സ് ഓഫിസര്‍ എസ് വസുന്ധരന്‍ പിള്ള ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം നടന്നില്ലെന്ന് മാത്രമല്ല കമ്മീഷന്‍ പറ്റിയവരെ രക്ഷിക്കാന്‍ വേണ്ടി ഇപ്പോഴിത് ആക്രിവിലയ്ക്ക് വിറ്റഴിക്കുകയും ചെയ്തിരിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.