പെന്‍ഷനുമില്ല ശമ്പളവുമില്ല: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി പണിമുടക്ക്

Webdunia
ബുധന്‍, 17 ഡിസം‌ബര്‍ 2014 (09:42 IST)
മാസങ്ങളായി പെന്‍ഷന്‍ ശമ്പള വിതരണം തടസപ്പെടുന്നതില്‍ പ്രതിഷേധിച്ച് രുവനന്തപുരം ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണിമുടക്ക് ആരംഭിച്ചു. ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.

പെന്‍ഷന്‍ വിതരണത്തിന് ശാശ്വത പരിഹാരം കാണുക, ശമ്പള വിതരണം കൃത്യമാക്കുക, സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, വര്‍ക്ക് ഷോപ്പുകളില്‍ കിടക്കുന്ന ബസുകള്‍ പുറത്തിറക്കുക, ജന്റം ബസുകള്‍ നിയന്ത്രിക്കുന്ന അര്‍ബന്‍ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരമാക്കുക, സ്വകാര്യ മേഖലയില്‍ നിന്നും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

പല സിറ്റി സര്‍വീസുകളും ദീര്‍ഘ ദൂര സര്‍വീസുകളും തടസപ്പെട്ടു. മറ്റ് ജില്ലകളില്‍ നിന്ന് വരുന്ന ബസുകള്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിക്കുകയാണ്. അതേസമയം ശബരിമല റൂട്ടിലെ എല്ലാ സര്‍വീസുകളെയും പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തില്ല. സിറ്റി സര്‍വീസുകള്‍ മുടങ്ങിയത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. സര്‍ക്കാരും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.