പതിനേഴുകാരിക്ക് പീഡനം: കാമുകന്‍റെ പിതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 16 മാര്‍ച്ച് 2016 (10:39 IST)
പ്ലസ്ടുവിനു പഠിക്കുന്ന പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കാമുകന്‍, കാമുകന്‍റെ പിതാവ്, അമ്മാവന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് വൈപ്പിന്‍ പുതുവൈപ്പ് കളത്തിപ്പറമ്പില്‍ ജിനീഷ് എന്ന 25 കാരനായ കാമുകനെ പിടികൂടിയത്.

പ്രതിയെ ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ജിനീഷിന്‍റെ പിതാവ് ജീവന്‍ എന്ന ശിവാനന്ദന്‍ (62), അമ്മാവന്‍ പറവൂര്‍ കെടാമംഗലം സ്വദേശി മോഹനന്‍ (58), എന്നിവര്‍ക്കൊപ്പം ജിനീഷിന്‍റെ സുഹൃത്തുക്കളായ സിബി (32), ഷാരോണ്‍ ജോസ് (26) എന്നിവരെ അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് അഞ്ച് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയും ജിതീഷും പറവൂര്‍ കെടാമംഗലത്തു നിന്ന് വലയിലായത്.

അറസ്റ്റിലായ പ്രതികളെ ഞാറയ്ക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഞാറയ്ക്കല്‍ സി ഐ രാജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.