കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനാഭിപ്രായം തേടിയ മെട്രോ അധികൃതർ കുടുങ്ങി. നിർദ്ദേശിക്കുന്ന പേരുകൾ കമന്റുകളായി രേഖപ്പെടുത്തണം, തുടർന്ന് ഷെയർ ചെയ്യുകയും വേണം കൂടുതൽ ലൈക്കുകൾ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു ഫെയ്സ്ബുക്ക് പേജില്‍ കൊച്ചി മെട്രോ വ്യവസ്ഥ വെച്ചിരുന്നത്.
എന്നാൽ ലിജോ വർഗീസ് എന്ന വ്യക്തിയുടെ കമന്റാണ് മെട്രോയെ കുടുക്കിയിരിക്കുന്നത്. ‘കുമ്മനാന’ എന്നായിരുന്നു ലിജോ കമന്റ് ചെയ്തത്. കമന്റ് ചെയ്ത് ഞൊടിയിടയിലാണ് 'കുമ്മനാന' തരംഗമായത്. കമന്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലൂടെ നല്‍കിയ പരസ്യം. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍’ ആയൊരു പേര്…ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ, കുമ്മനാന എന്ന പേര് വൈറലായതോടെ മെട്രോ ആരും അറിയാതെ പോസ്റ്റ് എഡിറ്റ് ചെയ്തു. പഴയ പോസ്റ്റിന് താഴെയായി- ”ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയ്ക്കെതിരായി വേദനാജനകമായി കമന്റ് ചെയ്യുന്നതോ ആയ മത്സര എൻട്രികൾ പ്രത്സാഹിപ്പിക്കുന്നതല്ല. ഇവ തിരഞ്ഞെടുക്കലിനായി പരിഗണിക്കുകയുമില്ല”. എന്ന് കൂടി അധികൃതർ എഴുതിച്ചേർത്തു.