സോളാർ തട്ടിപ്പ് കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടിവന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ച് മുൻ മന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെഎം മാണി. എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൊണ്ട് ഒരാൾ പ്രതിയാകില്ല. അതിനാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മാണി വ്യക്തമാക്കി.
വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ധാർമിക മൂല്യം ഉയർത്തി പിടിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. ഉന്നത ജനാധിപത്യ മൂല്യം സംരക്ഷിക്കാന്‍ വേണ്ടി മനഃസാക്ഷിയോട് ചോദിച്ച ശേഷമാണ് താൻ ബാർകോഴ ആരോപണത്തിൽ രാജിവെച്ചതെന്നും മാണി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തില്‍ സംശയമില്ല. മറ്റുകാര്യങ്ങൾ കൂടിയാലോചനകൾക്കു ശേഷം വ്യക്തമാക്കാമെന്നും മുസ്ലിം ലീഗ് കൂട്ടിച്ചേർത്തു. ലീഗിന്റെ ഔദ്യോഗിക നേതൃയോഗം മാറ്റിവെച്ചതായും അനൗപചാരിക യോഗമാണ് നടക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.