യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നല്‍കും: മാണി

Webdunia
ചൊവ്വ, 10 നവം‌ബര്‍ 2015 (20:20 IST)
യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് രാജി പ്രഖ്യാപനത്തിനു ശേഷം കെഎം മാണി.
നിയമവ്യവസ്ഥയോടുള്ള ആദരവ് സൂചകമായി ധനമന്ത്രിയായ താന്‍ രാജിവെക്കുകയാണ്. രാജികാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. രാജി കത്ത് അദ്ദേഹത്തിന് അയച്ചു നല്‍കി. പിജെ ജോസഫിന്റെ കാര്യം പിന്നെ ചര്‍ച്ച ചെയ്യാമെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കൂടിനിന്ന മാധ്യമപ്രവര്‍ത്തകരെ നേരില്‍ കണ്ടാണ് ഇരുവരും രാജിക്കാര്യം അറിയിച്ചത്.

ഇന്നു ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ മാണിയും ജോസഫും ഒന്നിച്ചിരുന്ന് രാജി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ജോസഫും മാണിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ജോസഫ് രാജി വെയ്ക്കണമെന്ന കാര്യത്തില്‍ മാണി ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, രാജി വെയ്ക്കാന്‍ തയ്യാറല്ലെന്ന് ജോസഫ് നിലപാട് വ്യക്തമാക്കിയതോടെ ഒറ്റയ്ക്ക് രാജി വെയ്ക്കാന്‍ മാണിക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയായിരുന്നു.

പിജെ ജോസഫിനെയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയും രാജിവെപ്പിച്ച്  സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു മാണിയുടെ തന്ത്രം. എന്നാല്‍ മാണിയുടെ ആവശ്യം ജോസഫ് തള്ളി. ഇതിനിടെ മന്ത്രി കെ സി ജോസഫ്, പി ജെ ജോസഫിനെ കാണാന്‍ എത്തുകയും രാജി വെക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മാണിയും മാണിക്കൊപ്പമുള്ള എം എല്‍ എമാരും പോയാലും സര്‍ക്കാരിന് ഭീഷണിയാകാതിരിക്കാന്‍ പി ജെ ജോസഫിനെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് അനിവാര്യമായ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. ജോസഫ് വിഭാഗത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന്, ജോസഫ് വിഭാഗത്തിന്റെ തീരുമാനം മാണിയെ അറിയിക്കാന്‍ മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ആന്റണി രാജു തീരുമാനം അറിയിക്കാന്‍ മാണിയുടെ വസതിയിലേക്ക് എത്തി. മാണിയുടെ വസതിയില്‍ നിന്ന് മടങ്ങവേ ‘തീരുമാനം ഉടന്‍’ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.