കേരള കോണ്‍ഗ്രസ് വീണ്ടും പിളരുന്നു: ജോസഫ് ഗ്രൂപ്പിലെ വിമതര്‍ ഇടതുമുന്നണിയിലേക്ക്; വിമതനീക്കം ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (10:44 IST)
സംസ്ഥാന രാഷ്‌ട്രീയം വീണ്ടും ഒരു പിളര്‍പ്പിന് സാക്ഷിയാകുന്നു. അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജോസഫ് ഗ്രൂപ്പിലെ വിമതര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ എം ജോര്‍ജിന്റെ മകനും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് പോകുന്നത്. ആന്റണി രാജു, ഡോ കെ സി ജോസഫ്, പി സി ജോസഫ് എന്നിവര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ഇടതിലേക്ക് പോകും.
 
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് വഴിപിരിയലിന് കാരണമായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയസാധ്യതയുള്ള സീറ്റ് നല്കാനോ ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ അംഗീകരിക്കാനോ നേതൃത്വം തയ്യാറാകാത്തതും മുന്നണി വിടാനും ഇവര്‍ക്ക് കാരണമാകുന്നത്. മധ്യതിരുവിതാംകൂറില്‍ ആയിരിക്കും പ്രധാനമായും മത്സരവേദിയൊരുങ്ങുക.
 
പൂഞ്ഞാര്‍ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം ഇത് പരിഗണിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് പൂഞ്ഞാര്‍ സീറ്റ് നല്കാമെന്ന് മാണി ജോസഫിലൂടെ ഫ്രാന്‍സിസ് ജോര്‍ജിനെ അറിയിച്ചിരുന്നെങ്കിലും വേറെ കാരണങ്ങള്‍ നിരത്തി മുന്നണി വിടുന്ന കാര്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ജോസ് കെ മാണി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് വരുന്നതില്‍ അതൃപ്‌തിയുള്ളതും മുന്നണി വിടുന്നതിന് കാരണമാണ്.
 
മധ്യകേരളത്തില്‍ തന്നെ സീറ്റുകള്‍ നല്കുമെങ്കിലും ഇടതുമുന്നണിയുടെ കുത്തക സീറ്റുകളായിരിക്കില്ല നല്കുക. എന്നാല്‍, ഫ്രാന്‍സിസ് ജോര്‍ജിനെ പോലെ ക്ലീന്‍ ഇമേജ് ഉള്ള ഒരാള്‍ മത്സരിച്ചാല്‍ വിജയം സാധ്യമാകുമെന്നും അത് ഇടതുമുന്നണിക്ക് ഗുണകരമായിരിക്കുമെന്നും ഉറപ്പുള്ള മണ്ഡലത്തില്‍ ആയിരിക്കും കേരള കോണ്‍ഗ്രസില്‍ നിന്ന് എത്തുന്നവര്‍ക്ക് സീറ്റ് നല്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.