നിരാഹാര സമരം, ഉപരോധ സമരം, ബന്ദ്, ഹര്‍ത്താല്‍ ഒടുവില്‍ പൊലീസ് ലാത്തിച്ചാര്‍ജ്, അതിന്റെ പേരില്‍ വീണ്ടും ഹര്‍ത്താല്‍ ഇതൊക്കെയാണ് കേരളത്തില്‍ സമരങ്ങള്‍ എന്ന ഓമനപ്പേരിലൊ അരങ്ങേറുന്നത്. എന്നാല്‍ സമരത്തിന് പുതിയൊരു രൂപം കൂടി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഈ സമരത്തിന്റെ അവശ്യ ഘടകം കഞ്ഞിയാണ്. അതുകൊണ്ടു തന്നെ ഇതിനെ കഞ്ഞി സമരം എന്ന് വിളിക്കാമെങ്കിലും അത്ര ‘കഞ്ഞി’യായി ഇതിനെ കാണേണ്ടതില്ല. അടിയും ഇടിയുമില്ലാതെ കാര്യങ്ങള്‍ക്ക് പെട്ടന്നൊരു നീക്ക്പോക്ക് കഞ്ഞി സമരത്തിലൂടെ നടക്കും.
കൊല്ലത്താണ് ഈ സംര മാര്‍ഗം വിജയകരമയി പരീക്ഷിക്കപ്പെട്ടത്. നിക്ഷേപതട്ടിപ്പിന് ഇരയായ സ്‌ത്രീകളാണ് കഞ്ഞിസമരത്തിന്റെ പ്രയോക്താക്കള്‍. കൊല്ലം തിരുമുല്ലവാരത്തെ വനിതാക്ഷേമ സംഘത്തില്‍ പണം നിക്ഷേപിച്ചു തട്ടിപ്പിനിരയായവരാണു സമരം നടത്തിയത്. വനിതാക്ഷേമ സംഘത്തിന്റെ സെക്രട്ടറിയുടെ വീടിനുമുമ്പില്‍ കഞ്ഞിവച്ചു സമരം തുടങ്ങിയതോടെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഘട്ടംഘട്ടമായി നിക്ഷേപകര്‍ക്കു പണം നല്‍കാമെന്നു നടത്തിപ്പുകാര്‍ സമ്മതിച്ചു.
പ്രശ്‌നത്തില്‍ പോലീസിന്റെ ഇടപെടല്‍ തൃപ്‌തികരമല്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.സെക്രട്ടറിയുടെ ഭര്‍ത്താവ് കൂടി പങ്കെടുത്ത ധാരണാ യോഗത്തിലെ തീരുമാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണു തട്ടിപ്പിനിരയായാവര്‍ വീടു കൈയേറി സമരം ആരംഭിച്ചത്. സമരം ഭാഗികമായി വിജയിച്ചെങ്കിലും കഞ്ഞി സമരത്തെ കഞ്ഞിയാകാക്കാന്‍ സമരത്തിന് പേറ്റെന്റെടുക്കേണ്ട എന്നാണ് സമരക്കാരുടെ തീരുമാനം.