കലിയുടെ സംഗീത ട്രെയിലർ കോപ്പിയടി; കുറ്റം സമ്മതിക്കുന്നു, ആകർഷകമാക്കാൻ ചെയ്തതെന്ന് ഗോപീ സുന്ദർ

Webdunia
വ്യാഴം, 17 മാര്‍ച്ച് 2016 (17:09 IST)
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ 'കലി'. ദുൽഖറും പ്രേമത്തിലൂടെ പ്രിയങ്കരിയായ സായ് പല്ലവിയും അഭിനയിക്കുന്ന 'കലി' യുടെ ട്രെയിലർ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. ട്രെയിലറിന്റെ സംഗീതം കോപ്പിയടിച്ചതാണെന്ന് ആരോപണം. ദി മാന്‍ ഫ്രം അങ്കിള്‍ എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതം അതേപടി കോപ്പിയടിച്ചുവെന്നാണ് സോഷ്യ‌ൽ മീഡിയയിലെ വിമർശനങ്ങ‌ൾ.
 
എന്നാൽ ചിത്രത്തിന്റെ സംഗീത ട്രെയിലർ കോപ്പിയടിച്ചതാണെന്ന വാദം സമ്മതിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപീ സുന്ദർ. ദി മാന്‍ ഫ്രം അങ്കിള്‍ എന്ന ചിത്രത്തിൽ നിന്ന് തന്നെ എടുത്തതാണ് ട്യൂൺ എന്ന് ഗോപീ സുന്ദർ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അതിന് ആവശ്യമായ മാറ്റം വരുത്തിയാണ് കലിയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
 
വിവാദങ്ങ‌ൾക്ക് താൻ നൽകുന്ന മറുപടി എന്നും എന്റെ പാട്ടുകൾ ആണെന്നും ഗോപീ സുന്ദർ പറഞ്ഞു. തനിക്കെതിരെ വന്ന ട്രോളുകളെല്ലാം പോസിറ്റീവായി തന്നെയാണ് കാണുന്നത്. കലിയിലെ എല്ലാ ഗാനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങ‌ൾ കുറച്ചു കൂടി ആകർഷകമാക്കാൻ വേണ്ടിയാണ് താൻ പോപ്പുലറായ സംഗീതത്തെ അനുകരിച്ചതെന്നും അറിഞ്ഞുകൊണ്ടാണ് ആ ട്യൂൺ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.