കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി മൂന്ന് തവണയും തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്‌തത്.
രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് തനിക്കെതിരെ കേസ് ഉണ്ടായത്. കേന്ദ്രസംസ്ഥാന ഭരണകക്ഷികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ ഗണ്‍മാനെ അന്വേഷണസംഘം പലതവണ ചോദ്യം ചെയ്‌തിട്ടും ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ല. യുഎപിഎ ചുമത്തിയത് പോലും രാഷ്‌ട്രീയ പ്രേരിതമായിരുന്നു. സെഷന്‍സ് കോടതിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലും സിബിഐ തയാറായില്ല. അതിനാല്‍ മുന്‍ കൂര്‍ ജാമ്യപേക്ഷ നിരസിച്ച സെഷന്‍സ് കോടതിയുടെ നടപടി നിയമാനുസൃതമല്ലെന്നും ജയരാജന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
മുതിര്‍ന്ന അഭിഭാഷക സംഘത്തെയാണ് കേസ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഡയറി അടക്കം ഹാജരാക്കി പരിശോധന നടന്നാല്‍ ജാമ്യം ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. കേസിൽ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സിബിഐ നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.