ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി; മന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ കഴിയില്ല

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (12:16 IST)
ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് വീണ്ടും തിരിച്ചടി. എങ്ങനെയാണ് ക്രിമിനല്‍ കേസ് പ്രതികള്‍ ബാലാവകാശ കമ്മീഷന്‍ അംഗമായതെന്ന് ഹൈക്കോടതി ചോദിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
അതേസമയം, സ്വാശ്രയകേസിലെ ഹൈക്കോടതി നടത്തിയ പരമാര്‍ശം സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം ഏവരെയും അത്ഭുതപ്പെടുത്തുന്നുവെന്നും ആരോഗ്യമന്ത്രി ശൈലജയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളമുണ്ടായി. ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഭ ആരംഭിച്ചയുടന്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍‌എമാര്‍ നടത്തി വരുന്ന നിരാഹാരസമരം ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article