നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ യു ഡി എഫിന് വിമതസ്ഥാനാര്‍ത്ഥി. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസഫ് എം പുതുശ്ശേരിക്ക് എതിരെ കേരള കോണ്‍ഗ്രസ് നേതാവായ രാജു പുളിംപള്ളി മത്സരിക്കും. നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് താന്‍ മത്സരിക്കുന്നതെന്ന് രാജു പുളിംപള്ളി പറഞ്ഞു.
തിരുവല്ലയില്‍ സ്ഥാനാര്‍ഥി ശക്തനല്ലെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞെന്നും ഈ അഭിപ്രായം മാനിച്ചാണ് മല്‍സരിക്കുന്നതെന്നും രാജു പുളിംപള്ളി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജില്ലാ സെക്രട്ടറിയാണ് രാജു.
തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കുര്യന്റെ നിലപാടിനെ അനുകൂലിച്ച് കോണ്‍ഗ്രസ് ഭാരവാഹികള്‍ യോഗം ചേരുകയും കോണ്‍ഗ്രസ് തിരുവല്ലയില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞതവണ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയെ മത്സരിപ്പിക്കാന്‍ പാടില്ലെന്നാണ് പി ജെ കുര്യന്റെ വാദം.