പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്‌മീര്‍ എന്‍ ഐ ടി ക്യാമ്പസില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും അർദ്ധസൈനികരും നടത്തിയ ലാത്തിച്ചാർജിൽ കശ്മീരികള്‍ അല്ലാത്ത നാല് വിദ്യാര്‍ത്ഥികൾക്ക് പരുക്കേറ്റു.
സംഘർഷസാധ്യത കണക്കിലെടുത്ത് രണ്ട് കമ്പനി സി ആർ പി എഫ് ജവാന്മാരെ വിന്യസിച്ചതായി ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങ് പറഞ്ഞു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരികളല്ലാത്ത മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥികൾ ആണ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് മുമ്പിൽ പ്രതിഷേധം നടത്തിയത്.
പ്രതിഷേധത്തില്‍ നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പരിഹാരം കാണാമെന്ന് ഡയറക്‌ടര്‍ ഉറപ്പു നല്കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയില്ല. ചില വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമാകുകയായിരുന്നു.