ജല്‍ജീവന്‍ മിഷന്‍: ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കും

ശ്രീനു എസ്
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (19:28 IST)
ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയായി വരുകയാണ്. സാമ്പത്തിക തടസം നീങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തു തലത്തില്‍ പദ്ധതിനിര്‍വഹണം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുമായി യോഗം നടത്തി സംയുക്ത തീരുമാനം കൈക്കൊള്ളുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. 
 
ഇതിനകം സാങ്കേതിക അനുമതി ലഭിച്ച പദ്ധതികള്‍ ഉടന്‍തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 
പദ്ധതികളുടെ നിര്‍വഹണ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷാരായി പഞ്ചായത്തു തല മേല്‍നോട്ട സമിതി രൂപീകരിച്ചു വരുന്നു. 791 പഞ്ചായത്തുകള്‍ക്കാണ് ജലജീവന്‍ പദ്ധതി നിര്‍വഹണത്തിനായി വാട്ടര്‍ അതോറിറ്റി വിശദ എന്‍ജിനീയറിങ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതില്‍ 724 പഞ്ചായത്തുകള്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രമേയം പാസാക്കി. ബാക്കിയുള്ള 67 പഞ്ചായത്തുകളെക്കൂടി പദ്ധതിക്കു കീഴില്‍ കൊണ്ടുവരാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് മാര്‍ഗനിര്‍ദേശക ക്ലാസ് നടത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article