കടലിന്റെ മക്കൾക്ക് സാന്ത്വനമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, തീരമേഖലയെ മാലിന്യമുക്തമാക്കാൻ 'ശുചിത്വ തീരം' പദ്ധതി വരുന്നു

Webdunia
ഞായര്‍, 5 ജൂണ്‍ 2016 (12:01 IST)
തീരപ്രദേശത്തെ മാലിന്യമുക്തമാക്കാൻ ഫിഷറീസ് വകുപ്പ് 'ശുചിത്വ തീരം' പദ്ധതി തുടങ്ങുന്നു. വനിതാ സ്വയംസഹായ സംഘങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും സഹകരണത്തോടെയാണ് ശുചിത്വ തീരം പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
 
സംസ്ഥാനത്തെ 590 കി.മീ. ദൈര്‍ഘ്യമുള്ള കടല്‍ത്തീരവും അനുബന്ധ കായല്‍ത്തീരവും നദികളും മാലിന്യം നിറഞ്ഞ നിലയിലാണ്. ഇവ നീക്കം ചെയ്ത് തീരമേഖലയെ ശുചിത്വമേഖലയാക്കുകയാണ് ലക്ഷ്യം. ജൂണ്‍ 30നകം തീരമേഖല മുഴുവന്‍ മാലിന്യമുക്തമാക്കാനാണ് പദ്ധതി. ശേഖരിക്കുന്ന പ്ളാസ്റ്റിക് അടക്കം അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളായിരിക്കും.
 
പദ്ധതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ശേഖരണം നടത്താൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകള്‍ കഴുകി വൃത്തിയാക്കി ഉണക്കി ശുചിത്വ കേരള കമ്പനിക്ക് നല്‍കും. ഇതിനായി ആശാവർക്കർമാരുടെയും അങ്കണവാടി വർക്കർമാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്.
 
കടലാക്രമണ ഭീഷണിയത്തെുടര്‍ന്ന് വലിയതുറയില്‍ സ്കൂളില്‍  കഴിയുന്ന 15 കുടുംബങ്ങളെ ഒരുമാസത്തിനകം മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മുട്ടത്തറ ഭാഗത്ത് സ്ഥലം കണ്ടത്തെുന്നകാര്യം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Next Article