ഇരുതലമൂരി വിഭാഗത്തില്‍ പെട്ട രണ്ട് പാമ്പുകളെ വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് രണ്ട് ഇരുതലമൂരികളെയും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു.
കോട്ടയം പാമ്പാടി വെള്ളൂര്‍ സ്വദേശി സുജിത് (25), നേമം വെള്ളായണി കീര്‍ത്തി നഗറില്‍ പ്രമോദ് (35), പാറശാല ചെങ്കല്‍ സ്വദേശി ഷിജിത് (44), പാമ്പാടി സ്വദേശി വിന്‍സെന്‍റ് (28), വെള്ളായണി പാലപ്പൂര് സ്വദേശി സുനില്‍ (33), കോവളം മുട്ടയ്ക്കാട് സ്വദേശി രാജേഷ് കുമാര്‍ (35) എന്നിവരാണു കഴിഞ്ഞ ദിവസം പൊലീസ് വലയിലായത്.
പി.എം.ജി ജംഗ്ഷനില്‍ സംശയകരമായ രീതിയില്‍ ഒതുക്കിയിട്ടിരുന്ന ടവേര കാര്‍ പരിശോധിക്കവേയാണ് സംഘവും രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ഇരുതലമൂരികളും പിടിയിലായത്. കേരള - തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പിടിച്ച ഈ ഇരുതലമൂരികളുടെ കച്ചവടം 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചിരുന്നു. ഇവ കൈമാറ്റം ചെയ്യാനിരിക്കവേ ആയിരുന്നു പൊലീസ് ഇടപെട്ടത്.
സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേശിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കന്‍റോണ്‍മെന്‍റ് എ.സി പ്രമോദ് കുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുടുക്കാന്‍ കഴിഞ്ഞത്.