കൊല്ലാതെ കൊല്ലുന്ന വ്യാജ പ്രചാരണം വീണ്ടും; ഇന്നസെന്റ് എംപി കുഴഞ്ഞു വീണ് മരിച്ചുവെന്ന് വ്യാജ വാര്‍ത്ത

Webdunia
ബുധന്‍, 25 മെയ് 2016 (15:24 IST)
നടനും ലോക്‍സഭാംഗവുമായ ഇന്നസെന്റ് എംപി തൊടുപുഴയില്‍ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു. രാവിലെ പത്തു മണിയോടെ ഫോൺ വിളികളിലൂടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലുമാണ് ഈ വാർത്ത പരന്നത്. കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായ ഇന്നസെന്റിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും തുടര്‍ന്ന് മരിച്ചുവെന്നുമാണ് വാർത്തകൾ മണിക്കൂറുകൾക്കുള്ളിൽ പരന്നത്.

വാര്‍ത്ത പരന്നതോടെ 11.30ഓടെ മാധ്യമ പ്രവർത്തകർ ഇന്നസെന്റ് എംപിയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് സത്യാവസ്ഥ വ്യക്തമായത്. താന്‍ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേയ്ക്ക് പോകുകയാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്‌തു.  

വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നൂറോളം പേരാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്‌തത്.
പൊലീസ് അധികാരികളോടും പത്ര ഓഫീസുകളിലേയ്ക്കും മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോണിലേക്കും ഇതു സംബന്ധിച്ച് നിരവധി കോളുകൾ എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നസെന്റ് എംപിയുടെ ഫോണിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ച് കാര്യം തിരക്കിയത്. മുന്‍കാലങ്ങളിലും ഇത്തരം സിനിമാ താരങ്ങളെയും പ്രമുഖകരെയും കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Next Article