ഇടുക്കി അണക്കെട്ടിന് ബലക്ഷയമെന്ന് സംശയം

Webdunia
ബുധന്‍, 29 ഒക്‌ടോബര്‍ 2014 (13:28 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയേ പറ്റി ആശങ്കപ്പെട്ടിരുന്ന ഇടുക്കി നിവാസികളെ ഭീതിയിലാക്കി ഇടുക്കി ആര്‍ച്ച് ഡാമിന് ബലക്ഷയമെന്ന സംശയം വളരുന്നു. ഇടുക്കി ഡാമിന്റെ വശങ്ങളിലേക്കുള്ള ചലനം അസ്വാഭാവികമായി വര്‍ധിക്കുന്നതാണ് ആശങ്ക കൂട്ടുന്നത്. ഇക്കാര്യം കേന്ദ്ര ജലക്കമ്മീഷനെ സംസ്ഥാനം അറിയിച്ചതോടെ പരിശോധനയും തുടങ്ങി.

കുറവന്‍, കുറത്തി മലകളെ ബന്ധിപ്പിച്ചു നിര്‍മ്മിച്ച ഡാമിന് 169.16 മീറ്റര്‍ ഉയരമുണ്ട്. മഴക്കാലത്തു ജലനിരപ്പ് ഉയരുമ്പോള്‍ ആര്‍ച്ച് ഡാം സ്വാഭാവികമായി പിന്നോട്ടു ചെരിയും. വേനല്‍ക്കാലത്തു വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം എടുക്കുമ്പോള്‍ അണക്കെട്ട് മുന്നിലേക്കു നീങ്ങി പഴയസ്ഥിതിയിലെത്തും. 1994-95 വരെ ഏതാണ്ട് ഒരേ അളവിലായിരുന്നു ഇടുക്കി ഡാമിന്റെ ചലനം. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെള്ളം കുറയുമ്പോള്‍ ഡാമിന്റെ ചെരിവ് ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണു കെഎസ്ഇബി കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ആര്‍ച്ച് അണക്കെട്ടില്‍ സംഭരണശേഷിയുടെ പരമാവധിയില്‍ വെള്ളം എത്തിയപ്പോള്‍ ഒന്‍പതാം ബ്ലോക്കിന്റെ നാലാം ട്രയല്‍പോളില്‍ അമിതമായ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ചോര്‍ച്ച നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ അണക്കെട്ടില്‍ വിശദമായ പരിശോധന നടത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. കാലപ്പഴക്കം കൊണ്ടാണ് ഇങ്ങനെ സംബവിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

കേന്ദ്ര ജലകമ്മീഷന് ഇത് സംബന്ധിച്ച കത്തു നല്‍കിയതൊടെ പരിശോധന നടത്താന്‍ വിദഗ്ദ സംഘം എത്തി.  കേന്ദ്ര ജല കമ്മിഷന്റെ സഹായത്തോടെ കമ്മിഷന്‍ കണ്‍സള്‍ട്ടന്റ് ധനവാന്റെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ദ്ധ സംഘം അണക്കെട്ട് സന്ദര്‍ശിച്ച് കുറവന്‍കുറത്തി മലകളുടെ പാറയിടുക്കുകളില്‍നിന്ന് പാറയും കോണ്‍ക്രീറ്റ് സാമ്പിളുകളും പരിശോധയ്ക്കായി ശേഖരിച്ചു. ഇവ ശാസ്ത്രീയമായി പരിശോധിക്കും. അണക്കെട്ടില്‍ ഹൈഡ്രോ ഡൈനാമിക് അനാലിസിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംഭരണം പൂര്‍ണശേഷിയില്‍ എത്തുമ്പോള്‍ 25 മുതല്‍ 35 മില്ലിമീറ്റര്‍ വരെ ചരിവുവ്യത്യാസം വരുന്നുവെന്നാണ് കെ‌എസ്‌ഇബി കണ്ടെത്തിയത്. ഒരു വര്‍ഷം ഒരു മില്ലീമീറ്റര്‍ എന്ന നിലയില്‍ മാറ്റം ഉണ്ടാകുന്നതായി കെ‌എസ്‌ഇബി പറയുന്നു. ജലനിരപ്പ് ഉയരുമ്പോഴുണ്ടാകുന്ന അസ്വാഭാവിക ചരിവ്, ഒന്‍പതാം ബ്ലോക്കില്‍ കാണപ്പെടുന്ന നിയന്ത്രണാതീതമായ ചോര്‍ച്ച, അണക്കെട്ടിന്റെ വികാസ സങ്കോച അനുപാതത്തില്‍ വന്ന മാറ്റം എന്നിവകൂടിയായതോടെ ബലക്ഷയമെന്ന സംശയത്തിന് ആക്കം കൂടുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.