കോടതി കനിഞ്ഞില്ല; കേസ് തീരാതെ തുഷാറിന് യുഎഇ വിടാനാവില്ല - ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തുടരുന്നു

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (20:23 IST)
വണ്ടിചെക്ക് കേസിൽ കുടുങ്ങിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉടന്‍ കേരളത്തില്‍ എത്താനാകില്ല. സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന അപേക്ഷ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.

തുഷാറിന്റെ കേസിലെ വലിയ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. ആള്‍ജാമ്യമെടുത്ത് രാജ്യംവിട്ടാല്‍ കേസ് പരിഗണിക്കുമ്പോള്‍ തുഷാര്‍ തിരിച്ചുവരുമോ എന്ന ആശങ്കയും കോടതി രേഖപ്പെടുത്തി.

കോടതി അപേക്ഷ തള്ളിയതോടെ കേസ് തീരാതെ തുഷാറിന് യുഎഇ വിടാനാവില്ല. അജ്മാന്‍ പ്രോസിക്യൂട്ടറുടേതാണ് നടപടി. ഇതോടെ കേസ് നടപടികള്‍ അവസാനിക്കാതെ തുഷാറിന് തിരിച്ച് വരാൻ സാധിക്കില്ല.

അതേസമയം, മധ്യസ്ഥരുടെ നേതൃത്വത്തില്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ ദുബായില്‍ നടക്കുകയാണ്.

പത്തുവര്‍ഷംമുമ്പുള്ള ഒരു ബിസിനസ് ഇടപാടിന്റെഭാഗമായി ഒമ്പത് ദശലക്ഷം ദിര്‍ഹം (പതിനെട്ട് കോടിയോളം രൂപ) തനിക്ക് കിട്ടാനുണ്ടെന്നുകാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാന്‍ നുഐമി പൊലീസില്‍ പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article