നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ സമാന ആവശ്യമുന്നയിച്ച് ദിലീപിന്‍റെ അമ്മ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. പൊലീസ് അന്വേഷണം പക്ഷപാതകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും ഗൂഢാലോചനയുടെ ഫലമായിട്ടാണ് താന്‍ പ്രതിയായതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.
ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കേസിന്‍റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ബോധപൂര്‍വം മേല്‍ക്കോടതികളില്‍ ഹര്‍ജികള്‍ നല്‍കുകയാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. ഈ വാദം അംഗീകരിച്ചാണ് ദിലീപിന്‍റെ ഹര്‍ജി തള്ളിയത്.