അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (11:28 IST)
സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാക്കേജിലെ വ്യവസ്ഥകൾ കേന്ദ്ര വിദ്യാഭ്യാസ നയവുമായി യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. പാക്കേജ് കൊണ്ടുവന്ന സർക്കാർ ഉത്തരവിൽ അപാകതയും ആശയക്കുഴപ്പവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഉത്തരവിലെ പല വ്യവസ്ഥകളും കേന്ദ്രവിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ല. പല വിഭാഗങ്ങളിലും വ്യക്തത കൈവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. അധ്യാപക പാക്കേജിനെതിരേ വിവിധ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.

സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളിൽ അധ്യാപക - വിദ്യാർഥി അനുപാതം 1:45 ആയിരിക്കുമെന്ന അധ്യാപക പാക്കേജിലെ വ്യവസ്ഥ എൽപി വിഭാഗത്തിൽ 1:30, യുപി വിഭാഗത്തിൽ 1:35 എന്നിങ്ങനെ ആക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് ഉന്നതതല പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു.

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക് കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള തസ്തിക ഇല്ലാതാവുകയും ചെയ്തതോടെയാണ് അധ്യാപക പാക്കേജിന് സര്‍ക്കാര്‍ രൂപംനല്‍കിയത്.