ഗൗരിയമ്മ പണ്ടേ ആതിഥേയ പ്രിയയാണ്. അതിഥികളെ സല്‍ക്കരിക്കുക മാത്രമല്ല, നിര്‍ബന്ധിച്ച് ഊട്ടുകയും ചെയ്യുക പതിവാണ്. കുട്ടനാടന്‍ മീന്‍ വിഭവങ്ങളും താറാവുമാണ് സാധാരണഗതിയില്‍ വിളമ്പുകയെന്ന് നിയുക്ത ധനകാര്യ മന്ത്രി തോമസ് ഐസക്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാളിന് അദ്ദേഹത്തോടൊപ്പം ഗൗരിയമ്മയുടെ വീട് സന്ദർശിച്ച അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കിടുകയായിരുന്നു അദ്ദേഹം.
തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഗൗരിയമ്മ പണ്ടേ ആതിഥേയ പ്രിയയാണ്. അതിഥികളെ സല്‍ക്കരിക്കുക മാത്രമല്ല, നിര്‍ബന്ധിച്ച് ഊട്ടുകയും ചെയ്യുക പതിവാണ്. കുട്ടനാടന്‍ മീന്‍ വിഭവങ്ങളും താറാവുമാണ് സാധാരണഗതിയില്‍ വിളമ്പുക. പലപ്പോഴും ഗൗരിയമ്മ തന്നെയായിരിക്കും വിളമ്പുന്നതിന് നേതൃത്വം കൊടുക്കുക. ചിലപ്പോള്‍ ഇഷ്ടം വറുത്ത മീന്‍ കഷ്ണങ്ങളും മറ്റും കൈകൊണ്ടുതന്നെ പെറുക്കി അതിഥികള്‍ക്ക് കൊടുക്കാറുണ്ട്. കാല്‍ നൂറ്റാണ്ടിന് മുമ്പ് ആദ്യത്തെ ചൈനീസ് ഡെലിഗേഷന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഗൗരിയമ്മ അവര്‍ക്ക് നല്‍കിയ വിരുന്ന് ഇന്നും മറന്നിട്ടില്ല.
പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചന ചടങ്ങിനെത്തിയ സഖാവ് പിണറായി വിജയന്‍ ഗൗരിയമ്മയെ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി. നിയുക്ത മുഖ്യമന്ത്രിയുടെ പിറന്നാള്‍ പ്രമാണിച്ച് വലിയൊരു കേക്കും സഖാവ് സജി ചെറിയാന്‍ കൊണ്ടുവന്നിരുന്നു. കേക്ക് മുറിയും മധുരം കൈമാറലുമെല്ലാം കൗതുകകരവും ഹൃദ്യവുമായ അനുഭവമായി.
വിഭവസമൃദ്ധമായ ഉച്ചയൂണ് ഗൗരിയമ്മ തയ്യാറാക്കിയിരുന്നു. പതിവുപോലെ സഖാവ് പിണറായി വിജയനെ നിര്‍ബന്ധിപ്പിച്ച് കൂടുതല്‍ ഭക്ഷണം കഴിപ്പിക്കാനുള്ള തത്രപ്പാടിലായി ഗൗരിയമ്മ. സഖാവ് ഇപ്പോള്‍ ഇറച്ചി അധികം കഴിക്കാറില്ലായെന്ന് പറഞ്ഞ എന്നോട് ഗൗരിയമ്മയുടെ മറുപടി ഇതായിരുന്നു -" നീ എന്നാ ഇദ്ദേഹത്തെ കണ്ടുതുടങ്ങിയത്? അതിനൊക്കെ എത്രയോ നാള്‍ മുമ്പ് ഞാന്‍ കൈക്ക് പിടിച്ചിട്ടുണ്ടെന്നറിയാമോ! " പിന്നെ ഗൗരിയമ്മയുടെ പ്ലേറ്റില്‍ നിന്നും ഒരു താറാവ് കഷ്ണം കൈ കൊണ്ടെടുത്ത് ഇറച്ചിയുള്ളതാണെന്ന് ഉറപ്പുവരുത്തി എന്റെ പ്ലേറ്റിലേയ്ക്ക് വച്ചുതന്നു.