ഹോംസ്റ്റേയിലെ പീഡനം; പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Webdunia
തിങ്കള്‍, 25 ജനുവരി 2016 (15:34 IST)
ഫോര്‍ട്ട്കൊച്ചി ഹോംസ്റ്റേയിൽ യുവാവിനൊപ്പം എത്തിയ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച ശേഷം ബ്ലാക്ക് മെയിൽ ചെയ്തു കാറും സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ ആറു പേർ അറസ്റ്റിലായി. ഫോര്‍ട്ട്കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18),ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു (20),
ഫോര്‍ട്ട്കൊച്ചി പട്ടാളത്ത് അല്‍ത്താഫ് (20),നസ്റത്ത് കനാല്‍ റോഡില്‍ ക്ളിപ്റ്റന്‍ ഡിക്കോത്ത (18), ഫോര്‍ട്ട്കൊച്ചി വെളിയില്‍ ഇജാസ് (20), ഫിഷര്‍മെന്‍ കോളനിയില്‍ അത്തിപ്പൊഴി വീട്ടില്‍ അപ്പു (20) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശാനുസരണം ഷാഡോ എസ്ഐ ഗോപകുമാർ, എസ്ഐ നിത്യാനന്ദ പൈ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങിയശേഷം വിശദമായി ചോദ്യം ചെയ്യുമെന്നു ഫോർട്ട്കൊച്ചി എസ്ഐ എസ് ദ്വിജേഷ് അറിയിച്ചു. കഴിഞ്ഞ മാസമാണു നാടിനു നാണക്കേടും ഞെട്ടലും ഉണ്ടാക്കുന്ന ഈ സംഭവം നടന്നത്. പിടിയിലായ അല്‍ത്താഫിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പീഡനക്കേസില്‍ , ഫോര്‍ട്ട്കൊച്ചി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ കൂടി ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫോര്‍ട്ട്കൊച്ചിയില്‍ പട്ടാളം ഗുഡ്ഷെപ്പേര്‍ഡ് ഹോംസ്റ്റേയിലാണ് സംഭവം നടന്നത്. തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയാണ് രണ്ടര മാസം മുമ്പ് ആറുപേരുടെ ക്രൂരമായ പീഡനത്തിന് ഇരയായത്. എഴുപുന്ന സ്വദേശിയായ യുവാവിനോടൊപ്പമാണ് യുവതി ഹോംസ്റ്റേയിലെത്തിയത്. യുവതിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങളും യുവാവിന്റെ കാറും പ്രതികള്‍ തട്ടിയെടുത്തു. കാർ തിരികെ നൽകണമെങ്കിൽ ഒരുലക്ഷം രൂപ നൽകണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കു ശേഷം ശേഷം പരാതിക്കാരനായ യുവാവ് ഒരു ലക്ഷം രൂപ ഇവർക്കു നൽകി കാർ തിരികെ വാങ്ങുകയായിരുന്നു. അതിനുശേഷം ഫെയ്സ് ബുക്കിൽ പീഡന ദൃശ്യം ഇടുമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണ് യുവാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളുടെ ഭീഷണിയില്‍ മനംനൊന്ത് യുവാവ് പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അവസാന മാര്‍ഗമെന്ന നിലയിലായിരുന്നു പൊലീസിനെ സമീപിച്ചത്. ആദ്യം ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്‍കിയതിന് ശേഷം വീണ്ടും തനിക്ക് നല്‍കാന്‍ കഴിയാത്ത തുക ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിനെ സമീപിക്കേണ്ടിവന്നതെന്ന് യുവാവ്  പൊലീസിനോട് വ്യക്തമാക്കി.

പീഡനത്തിനിരയായ യുവതിയെ സംബന്ധിച്ച് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവാവ് പറഞ്ഞു. സംഭവം നടന്ന ഫോര്‍ട്ട്കൊച്ചി പട്ടാളത്തെ ഹോംസ്റ്റേ അടച്ചുപൂട്ടാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഹോംസ്റ്റേ ഉടമയെയും കേസില്‍ പ്രതിയാക്കിയേക്കുമെന്നും സൂചനയുണ്ട്.