വ്യാജ ഡോളര്‍ അടങ്ങിയ ലോക്കര്‍ നല്‍കി കബളിപ്പിച്ച കേസില്‍ നൈജീരിയക്കാരന്‍ അറസ്റ്റിലായി. തൃശൂര്‍ സ്വദേശിയും ട്രാവല്‍ ഏജന്‍സി ജീവനക്കാരിയുമായ ശശികല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൈജീരിയക്കാരനായ ഫ്രാങ്ക്ലിന്‍ ഡെസ്മണ്ട് എന്നയാളെ അറസ്റ്റ് ചെയ്തത്.
വര്‍ക്കലയിലെ റിസോര്‍ട്ട് വില്‍ക്കാനുണ്ടെന്നു കണ്ട പരസ്യം കണ്ട് ഘാനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണു ഫ്രാങ്ക്ലിന്‍ ശശികലയെ സമീപിച്ചത്. തന്‍റെ ഉടമയായ ഡോ.വില്യംസിനായാണു റിസോര്‍ട്ടു വാങ്ങുന്നതെന്നും 15 കോടിക്ക് ഒരു റിസോര്‍ട്ട് വാങ്ങാന്‍ ഉറപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഫ്രാങ്ക്ലിന്‍ കൊറിയര്‍ വഴി തുക ശശികലയുടെ വീട്ടിലെത്തിച്ചു. 27 ബണ്ടില്‍ ഡോളര്‍ ഉള്ള ലോക്കറാണ് എത്തിയത്. ഇതില്‍ നിന്ന് നാലു ഡോളര്‍ എടുത്ത് വിശ്വസിപ്പിക്കുകയും ചെയ്തു. ഡോളറിലെ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ഫണ്ട് എന്ന പ്രിന്‍റിങ് മായ്ക്കുന്നതിനുള്ള ലിക്വിഡ് വാങ്ങുന്നതിനും പുനെയ്ക്കു പോകുന്നതിനും മറ്റുമായി ഇയാള്‍ ശശികലയില്‍ നിന്ന് എട്ടര ലക്ഷത്തോളം രൂപ വാങ്ങി.
എന്നാല്‍ പിന്നീട് മുംബൈയിലേക്ക് പോയ ഏജന്‍റിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയെന്നും വിട്ടുകിട്ടാനായി 4 ലക്ഷം കൂടി വേണമെന്നും ഫ്രാങ്ക്ലിന്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയിച്ച ശശികല ലോക്കര്‍ തുറന്നുനോക്കിയപ്പോള്‍ അതു മുഴുവന്‍ വെള്ള പേപ്പറില്‍ പ്രിന്‍റ് ചെയ്ത വ്യാജ ഡോളറുകളാണെന്ന് കണ്ടെത്തുകയും ഇയാളെ നയത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്തു.
രഹസ്യമായി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിറ്റി പൊലീസ് മേധാവി വെങ്കിടേശിന്‍റെ നിര്‍ദ്ദേശ പ്രകാരം സി.ഐ മാരായ സുരേഷ് വി.നായര്‍, അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്രാങ്ക്ലിനെ വലയിലാക്കി. ചോദ്യം ചെയ്യലില്‍ തന്‍റെ പേര് ബാഡിനിറ്റു ഇഫ്റ്റനി ജൂഡ് എന്നാണെന്നും കഴിഞ്ഞ 3 വര്‍ഷങ്ങളായി അനധികൃതമായി ഇവിടെ തങ്ങുകയാണെന്നും നിരവധി പേരെ കബളിപ്പിച്ചെന്നും വെളിപ്പെടുത്തി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.