ഫേസ്‌ബുക്ക് സൗഹൃദം: യുവതിയില്‍നിന്ന് നികുതിവകുപ്പ് ജീവനക്കാരന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (10:05 IST)
ഫേസ്ബുക്ക് സൗഹൃദത്തിലൂടെ യുവതിയില്‍നിന്ന് നികുതിവകുപ്പ് ജീവനക്കാരന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. 26 ലക്ഷം രൂപയോളമാണ് മലയാലപ്പുഴ സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ജീവനക്കാരന്‍ തട്ടിയെടുത്തത്. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും എസ്പിക്കും സെയില്‍സ്ടാക്‌സ് കമ്മീഷണര്‍ക്കും പരാതി നല്‍കി. എന്നാല്‍ പ്രതിയായ നികുതിവകുപ്പ് ജീവനക്കാരനെ അറസ്റ്റുചെയ്യാനായിട്ടില്ല. 
 
യുവതിയുടെ ഭര്‍ത്താവ് അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുകയാണ്. ഫേസ്ബുക്ക് വഴി അമിതസൗഹൃദം സ്ഥാപിച്ച ഉദ്യോഗസ്ഥന്‍ യുവതിയുടെ ഭര്‍ത്താവ് സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന തുകയും ആഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തു. ആദ്യം ഒരുലക്ഷം രൂപ കടം വാങ്ങിയ 1.20 ലക്ഷം രൂപ മടക്കിനല്‍കി വിശ്വാസം നേടി ശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയത്. 
 
ഓഹരിവിപണിയില്‍ പണം ഇട്ടാല്‍ മെച്ചമുണ്ടെന്നും അതിന് പണം തന്നാല്‍ നേട്ടമുണ്ടാക്കിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.  എപണം മടക്കിച്ചോദിച്ചപ്പോള്‍ മകനെ കൊല്ലുമെന്നും വീട്ടമ്മയുടെ ചിത്രം രൂപമാറ്റം വരുത്തി നഗ്നമായി നെറ്റിലിടുമെന്നും ഭീഷണിപ്പെടുത്തി.
 
പണം മടക്കിക്കിട്ടാന്‍ സമ്മര്‍ദ്ദം തുടര്‍ന്നപ്പോള്‍ കുടുംബമുപേക്ഷിച്ച് തന്നോടൊപ്പം ജീവിക്കാനും ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഭര്‍ത്താവ് അഫ്ഗാനിസ്ഥാനില്‍നിന്ന് മടങ്ങിവരുന്നതായി വിവരം കിട്ടിയ വീട്ടമ്മ നാടുവിട്ടു. തുടര്‍ന്ന് പൊലീസാണ് വീട്ടമ്മയെ കണ്ടെത്തിയത്. ഇതിനുശേഷം ഭര്‍ത്താവും വീട്ടമ്മയും കൂടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.