ആനക്കൂട്ടില്‍ നിന്ന് 82 ലക്ഷം വരുമാനം

Webdunia
വെള്ളി, 12 ജൂണ്‍ 2015 (19:51 IST)
സംസ്ഥാന സര്‍ക്കാരിന്‍റെ വനം-വന്യജീവി വകുപ്പിന്റെ കോന്നിയിലുള്ള ആനക്കൂടില്‍ സന്ദര്‍ശകരായി എത്തിയത്‌ 3,30,000 പേര്‍. നാലു വര്‍ഷ കാലയളവില്‍ വരുമാന ഇനത്തില്‍ 82 ലക്ഷം രൂപയും ലഭിച്ചു.

ഇക്കോ ടൂറിസത്തിനും വനാശ്രയ സമൂഹത്തിന്റെ ക്ഷേമത്തിനും മുന്‍ഗണന നല്‍കി വനം വകുപ്പ്‌ ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളില്‍ കോന്നി ആനക്കൂട്‌ ടൂറിസം ഭൂ പടത്തില്‍ ഇടം തേടാനും വഴിയൊരുക്കി. ആനക്കൂടിനോടനുബന്ധിച്ച്‌ ആന മ്യൂസിയം, ആന സവാരി, എലിഫന്റ്‌ ഷവര്‍ ബാത്ത്‌, കരകൗശല വിപണന യൂണിറ്റ്‌ എന്നിവ സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി അധികാരികള്‍ അറിയിച്ചു.

കല്ലാറിന്റെ തീരത്ത്‌ 120 ഏക്കര്‍ വനഭൂമിയില്‍ ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കിയ അടവി ഇക്കോ ടൂറിസം പദ്ധതിയും ശ്രദ്ധേയമാണ്‌. 2014 ആഗസ്റ്റില്‍ കോന്നിയില്‍ സംസ്ഥാനത്തെ ആദ്യത്തെ കുട്ടവഞ്ചി സവാരി തുടങ്ങി. 15,000 ഓളം പേര്‍ ഇവിടെയെത്തി. 10 ലക്ഷം രൂപ വരുമാനയിനത്തില്‍ നേടിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.