എബോള: സംസ്ഥാനത്ത് 125 പേര്‍ നിരീക്ഷണത്തില്‍

Webdunia
ശനി, 22 നവം‌ബര്‍ 2014 (09:20 IST)
എബോളബാധിത രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയ 125 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍. ഗിയന, സിയറ ലിയോണ, ലൈബീരിയ, തുടങ്ങിയ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആഗോള ജാഗ്രതയ്ക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് 673 പേര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എത്തി. 30 ദിവസത്തെ നിരീക്ഷണത്തിനുശേഷം 373 പേര്‍ രോഗബാധിതരല്ലെന്ന് കണ്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൂടി നിര്‍ദേശം കണക്കിലെടുത്ത് സംസ്ഥാനത്തെ തുറമുഖങ്ങളിലും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 
കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ആളില്‍ എബോള ബാധ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചയാളാണെന്ന സര്‍ട്ടിഫിക്കറ്റോടെയാണ് ഇയാളെത്തിയത്. രോഗം ഭേദമായി ശരീരം രോഗപ്രതിരോധ ശേഷി വീണ്ടെടുത്തുകഴിഞ്ഞാലും മൂന്നുമാസം വരെ വൈറസ് ശരീരത്തില്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇയാളെ കര്‍ശന നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത് അതിനാലാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 
 
കഴിഞ്ഞ ഡിസംബറിന് ശേഷം 5420 പേര്‍ എബോള ബാധിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 19 വരെ മാത്രം 15145 പേര്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article