തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനു മുമ്പായി മലയോര വികസന സമിതിയുമായി ചര്‍ച്ച നടത്താമെന്ന സി പി എം തീരുമാനം സ്വാഗതാര്‍ഹമെന്ന് മലയോര വികസന സമിതി നേതാക്കള്‍. സി പി എമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മലയോര വികസന സമിതി നേതാവ് ചാക്കോ കാളംപറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവമ്പാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് താമരശ്ശേരി രൂപത വ്യക്തമാക്കിയതോടെയാണ് മലയോരവികസന സമിതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സി പി എം ജില്ല നേതൃത്വം പറഞ്ഞത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മലയോര വികസന സമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും തിരുവമ്പാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്നും സി പി എം ജില്ല സെക്രട്ടറി പി മോഹനന്‍ പറഞ്ഞിരുന്നു.
പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന താമരശേരി രൂപതയുടെ നിലപാടിനെ എതിർക്കില്ലെന്നും പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. തിരുവമ്പാടി മണ്ഡലത്തില്‍ യു ഡി എഫിനെ പ്രതിനിധീകരിച്ച് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ രൂപത കോണ്‍ഗ്രസ് നേതൃത്വത്തെ അമര്‍ഷം അറിയിച്ചിരുന്നു.