എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബാര്‍ കോഴക്കേസില്‍ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന് തെളിവാണ് വിജിലന്‍സ് കോടതിയുടെ വിധി. അന്വേഷണമെന്ന പേരില്‍ നടന്നത് നാടകമാണെന്നും പിണറായി ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.
പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-
ബാര്‍കോഴ കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ വഴിവിട്ടു ശ്രമിച്ചു എന്നും അന്വേഷണമെന്ന പേരിൽ നാടകമാണ് നടത്തിയത് എന്നുമാണ് വിജിലന്‍സ് കോടതി ഉത്തരവ് തെളിയിക്കുന്നത്. നിയമ പരമായ അന്വേഷണം നടത്താതെ നാടകം കളിച്ചു ബാബുവിന് ക്ളീന്‍ചിറ്റ് നല്‍കിയ സർക്കാർ നടപടി വിജിലന്‍സ് കോടതി തുറന്നു കാട്ടി.
ശരിയായ ത്വരിതാന്വേഷണം നടന്നാല്‍ കെ എം മാണിക്കെതിരെയെന്നപോലെ ബാബുവിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ബാറുടമാ സംഘടനാനേതാവില്‍നിന്ന് കെ ബാബു പത്തുകോടി ആവശ്യപ്പെട്ടെന്നും ആദ്യഗഡുവായി 50 ലക്ഷം രൂപ 2013 ഒക്ടോബര്‍ 31ന് വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തലിന്റെ രേഖകളാണ് കോടതി പരിശോധിച്ചത്.
വിജിലന്‍സിനു വേണ്ടി ഈ കേസിലും കോടതിയെ തെറ്റി ധരിപ്പിക്കാൻ ആണ് ശ്രമിച്ചത്. അഴിമതി ആരോപണം നേരത്തേ തള്ളിക്കളഞ്ഞതാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സിനുവേണ്ടി കോടതിയിൽ പറഞ്ഞത്, ബാബുവിനെ രക്ഷിക്കാൻ നിയമത്തെയും ചട്ടങ്ങളെയും മറികടന്നു എന്നത് തെളിയിക്കുന്നു. എല്ലാ ഘട്ടത്തിലും ബാബുവിന് സ്വഭാവ സർടിഫിക്കറ്റ് നൽകാൻ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഈ കോടതി നടപടി. സർക്കാർ നിലപാട് കോടതി തള്ളിയിരിക്കുന്നു.