സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്.
സോളാര്‍ കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്‌ണന്‍, അന്വേഷണ കമ്മീഷന് മുമ്പാകെ നല്കിയ മൊഴിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ നല്കിയിട്ടുണ്ടെന്നും സരിത എസ് നായരുമായി മുഖ്യമന്ത്രി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ബിജുവിന്റെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പ്രതിപക്ഷബഹളം.
സഭ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം ആരംഭിച്ചിരുന്നു. എന്നാല്‍, ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തിയില്ല.
അതേസമയം, ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ചില ഭരണപക്ഷ എം എല്‍ എമാര്‍ രംഗത്തെത്തിയതോടെ ബഹളം രൂക്ഷമാകുകയായിരുന്നു.