തനിക്കും കുടുംബത്തിനുമെതിരെ ദുഷ്‌പ്രചാരണം നടത്തുന്നു; ജോമോനെതിരെ യുഡിഎഫ് കണ്‍വീനര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി

വെള്ളി, 27 മെയ് 2016 (10:37 IST)
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ദുഷ്‌പ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പരാതി നല്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്കിയത്. ജോമോന്‍ ഇത്തരത്തിലുള്ള അപവാദപ്രചാരണം നടത്തുന്നത് കേസ് അട്ടിമറിക്കാനാണെന്നും പരാതിയില്‍ പറയുന്നു
 
ജോമോന്‍റെ പരാതിയുടെ ഉറവിടം അന്വേഷിക്കണം. തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പി പി തങ്കച്ചന്‍ ആവശ്യപ്പെടുന്നു.
 
ജിഷയുടെ അമ്മ രാജേശ്വരി പി പി തങ്കച്ചന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നിട്ടുണ്ടെന്നും ജിഷയുടെ കൊലപാതകത്തില്‍ പി പി തങ്കച്ചന് പങ്കുണ്ടെന്നും കാണിച്ചായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍  മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.
 
എന്നാല്‍, ജിഷയുടെ മാതാവിനെ അറിയില്ലെന്ന് പി പി തങ്കച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കൊ തന്‍റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നും അവർ തന്‍റെ വീട്ടിൽ ഒരു ദിവസം പോലും ജോലിക്കു നിന്നിട്ടില്ലെന്നും  തങ്കച്ചൻ വ്യക്തമാക്കിയിരുന്നു.
 
ഇതിനിടെ, മകൾക്കെതിരായ ആരോപണത്തിനെതിരെ ജിഷയുടെ പിതാവ് പാപ്പു നൽകിയ പരാതിയിൽ പൊലീസ് ജോമോൻ പുത്തൻപുരക്കലിനെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക