ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി വാക്കാൽ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം പോരെയെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ വാദം കേൾക്കൽ നാളെയും തുടരും.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രിമനൽ പ്രോസിക്യൂഷന് നിർദേശം നൽകാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അതേസമയം,നമ്പി നാരായണന് നൽകേണ്ട നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണം. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് സർക്കാരിന് പിന്നീട് ഈ തുക ഈടാക്കാമെന്നും കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരായ മുൻ ഡിജിപി സിബി മാത്യൂസ് റിട്ട. എസ്പിമാരായ കെകെ ജോഷ്വാ, എസ് വിജയൻ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
നമ്പി നാരായണനെ കേസിൽ കുടുക്കി കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെങ്കിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് രാവിലെ സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്.